പാലക്കാട്ടെ സുബൈർ വധ കേസിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും തുടരന്വേഷണത്തിന്റെ വഴിയേ പ്രതികളെ കുറിച്ച് വെളിപ്പെടുത്തുമെന്നും എഡിജിപി വിജയ് സാഖറെ. കൂടാതെ ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. നാല് ടീമുകളെയാണ് പ്രതികളെ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രീനിവാസന്റെയും സുബൈറിന്റെയും കൊലപാതകങ്ങൾ ആസൂത്രിതമാണെന്നും രണ്ട് കൊലപാതകങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക എന്നത് പ്രയാസമാണ്. സംഭവത്തില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചന പുറത്ത് കൊണ്ടുവരുമെന്നും എഡിജിപി വ്യക്തമാക്കി
അതേസമയം ശ്രീനിവാസന്റെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തു.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.
എസ്ഡിപിഐ പ്രവര്‍ത്തകന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

