പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു.ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശ്ശന സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്, പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം നടന്നത്. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പോലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. മരിച്ച റഫീക്ക് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.മുണ്ടൂർ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറി. പുറത്തിറങ്ങിയപ്പോൾ ഇവർ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. ബൈക്ക് മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മർദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതിൽ വ്യക്തതയില്ല.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ പ്രതികളുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.