യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്കായുള്ള ഹർജിയിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന് ദില്ലി ഹൈക്കോടതി. ജസ്റ്റിസ് കാമേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസർക്കാർ വാക്കാൽ പിന്തുണച്ചു, ഔദ്യോഗികമായ നിലപാട് നാളെ അറിയിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.