അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്റെ അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍. ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി തെളിയിച്ചുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചുകൊണ്ടിരിക്കുന്നതായി ഞാന്‍ കരുതുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanandpatwardhan.docu%2Fposts%2F10159414310650033&show_text=true&width=500
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ക്ഷീണം സംഭവിച്ചെങ്കിലും, ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ മികച്ച മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്.
ഉത്തര്‍പ്രദേശിലെ 403 സീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. 125 സീറ്റുമായി അഖിലേഷിന്റെ സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷമാവുക.
തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി തന്നെയാണ്. 125 സീറ്റില്‍ 111ഉം എസ്.പി ഒറ്റയ്ക്ക് നേടിയപ്പോള്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എട്ട് സീറ്റുകളും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 64 സീറ്റുകളാണ് എസ്.പി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.
ഗോവയിലെ 40 സീറ്റുകളില്‍ 20ഉം ബി.ജെ.പി നേടിയപ്പോള്‍ ഉത്തരാഖണ്ഡിലെ 70ല്‍ 47ഉം, മണിപ്പൂരിലെ 60ല്‍ 32ഉം ബി.ജെ.പിക്കൊപ്പം നിന്നു.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.