യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ സർക്കാരിന്റെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. .
യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ ഇനി യുക്രൈനിൽ ലഭ്യമാകില്ല.
റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അതിനാൽ തന്നെ അവരുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. 2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സംബാധിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ ഡോളറിനുമിടയിലായിരുന്നു.
ലോകരാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി റഷ്യയെ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെ റഷ്യയ്ക്കെതിരായ നടപടികൾ കടുപ്പിച്ച് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകൾക്കും ചാനലുകൾക്കും ഫേസ്ബുക്കിൽ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവൻ നതാനിയേൽ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നാണ് റഷ്യയുടെ ടെക് ആൻഡ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ പ്രതികരിച്ചത്. വിലക്കിന്റെ വ്യക്തമായ കാരണങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ മെറ്റയ്ക്ക് കത്തയച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും മെറ്റ അവഗണിച്ചെന്നും റഷ്യ അറിയിച്ചു.