വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ അരണാട്ടുകരയിലെ സ്ക്കൂള് ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം. ഒരു അധ്യാപികയുള്‍പ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ കോളേജില്‍ പൂട്ടിയിട്ടു. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകൻ
തന്നോട് മോശമായി പെരുമാറി എന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തെകുറിച്ച് വിദ്യാര്‍ത്ഥിനി ഈയടുത്താണ് പുറത്തുപറഞ്ഞത്. കോളേജിലെ വകുപ്പ് മേധാവിയോട് വാക്കാല്‍ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിക്ക് അധ്യാപകരേയും വിദ്യാര്‍ത്ഥി പ്രതിനിധികളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.