മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിന്റെ ട്രെയിലർ റിലീസായി. ട്രെയിലർ നൽകുന്ന സൂചനയനുസരിച്ച് ബിഗ് ബിക്ക് സമാനമായ ത്രില്ലടിപ്പിക്കുന്ന വിരുന്നാണ് ഭീഷ്മ പർവ്വവും പ്രേക്ഷകർക്കാർക്കായി ഒരുക്കിയിരിക്കുന്നത് . കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഇതിവൃത്തം ആക്ഷൻ പ്രധാന്യം നൽകുന്നതാണ്.
‘ഭീഷ്മ പർവ്വം ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അന്തരിച്ച കെപിഎസി ലളിതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഭീഷ്മ പർവ്വത്തിനു മുൻപ് അമൽ നീരദിന്റെ ‘ബിലാൽ’ ആണ് ചർച്ചയായതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ‘ഭീഷ്മപർവ്വം’ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.