നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റുന്നതിന് ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ ആറുമാസത്തിനുള്ളിൽ തീർപ്പാക്കുമെന്നും ഇതിനായി പ്രത്യേക കർമപദ്ധതി നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
31.61 കോടി രൂപയോളമാണു പദ്ധതി നടത്തിപ്പിനായി പ്രതീക്ഷിക്കുന്ന ആകെ ചെലവെന്നു മന്ത്രി പറഞ്ഞു. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആറുമാസത്തേക്ക് സർവേയർമാരെയും ഡാറ്റാ എൻട്രി ക്ലർക്കുമാരെയും നിയമിക്കും. 2000 ൽ അധികം അപേക്ഷകൾ തീർപ്പാക്കാനുളള റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, രണ്ടു ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ ജീവനക്കാർ അടങ്ങുന്ന ഒരു യൂണിറ്റ് അധിക ജീവനക്കാരെയാകും നിയമിക്കുക.
5000-ൽ അധികം അപേക്ഷകൾ തീർപ്പാക്കാനുളള ഒമ്പതു റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, നാലു ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. 1000 – 2000 ഇടയ്ക്ക് അപേക്ഷകൾ തീർപ്പാക്കാൻ അവശേഷിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ രണ്ടു ക്ലർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. 1000 ൽ താഴെ അപേക്ഷകൾ നിലനിൽക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ, നിലവിലുളള സ്റ്റാഫിന് പുറമേ, വകുപ്പിനുളളിൽ നിന്നു തന്നെ അധിക ജീവനക്കാരെ വിന്യസിച്ച് അപേക്ഷകൾ തീർപ്പാക്കണം.
അപേക്ഷകളുടെ എണ്ണം 100-ന് മുകളിൽ വരുന്ന വില്ലേജുകളിൽ, ഭൂമിയുടെ തരം മാറ്റൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി, ഒരു ക്ലർക്കിനെ നിയമിക്കും. 18 ആർ.ഡി.ഒ. ഓഫീസുകളുടെ പരിധിയിൽ വരുന്ന 51 താലൂക്കുകളിൽ ഒരു ക്ലാർക്ക് മൂന്നു സർവ്വേയർ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. വില്ലേജുകളിൽ നിലവിൽ യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഫീൽഡ് പരിശോധനക്കായി രണ്ടു വില്ലേജുകളിൽ ഒരു വാഹനം എന്ന നിലയ്ക്ക് 680 വില്ലേജുകളിൽ വാഹനസൗകര്യം അനുവദിക്കും. 5.99 കോടി രൂപ ചെലവഴിച്ച് കംപ്യൂട്ടർ, സ്‌കാനർ, പ്രിന്റർ തുടങ്ങിയവ വാങ്ങി ഐ.ടി. സൗകര്യങ്ങൾ ഒരുക്കും.
ഫെബ്രുവരി ഒന്നു മുതലുള്ള ഭൂമി തരംമാറ്റൽ അപേക്ഷകൾ പൂർണമായും ഓൺലൈൻ സംവിധാനം വഴിയാകും നടക്കുകയെന്നും മന്ത്രി പറഞ്ഞു.