ഈ മാസം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം നടത്തിയ ഹൈദരാബാദിലെ ഷംഷാബാദിലുള്ള ശ്രീ രാമാനുജാചര്യയുടെ സമത്വ പ്രതിമയെ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍ ആണോയെന്നാണ് രാഹുലിന്റെ ചോദ്യം.
‘സമത്വ പ്രതിമ ചൈനയില്‍ നിര്‍മിച്ചതാണ്. പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍ ആണ്’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഹൈദരാബാദിലെ രാമാനുജാചാര്യയുടെ 216 അടി ഉയരത്തിലുള്ള പ്രതിമ ചൈനീസ് കോര്പ്പറേഷന് നിര്‍മിച്ചതാണെന്നാണ് ഇതിന്റെ പ്രോജക്ട് വെബ്സൈറ്റില്‍ പറയുന്നത്. 135 കോടിയുടെ പ്രതിമയുടെ കരാര്‍ ചൈനയിലെ എയ്റോസണ്‍ കോര്പ്പറേഷന് 2015-ലാണ് നല്‍കിയത്. ഇത് ചൂണ്ടി കാട്ടിയാണ് രാഹുലിന്റെ പരിഹാസം.
ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ‘പഞ്ചലോഹം’ കൊണ്ടാണ് 216 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്.