21 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടമെന്ന ചരിത്ര നേട്ടത്തിനുടമയായ റാഫേൽ നദാലിനെ അഭിനന്ദിച്ച് റോജർ ഫെഡറർ. നദാലുമായി ഈ യുഗം പങ്കിടുന്നതിൽ അഭിമാനമുണ്ടെന്നും കൂടുതൽ നേട്ടങ്ങളിലേക്ക് സ്പാനിഷ് താരം എത്തുമെന്നും ഫെഡറർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അഭിനന്ദനം അറിയിച്ചത്.
“എന്തൊരു മത്സരം! 21 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷനായി എന്റെ സുഹൃത്തും മികച്ച എതിരാളിയുമായ റാഫേൽ നദാൽ മാറിയതിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ,” ഫെഡറർ തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചു. “കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ ഇരുവരും ഊന്നുവടി ഉപയോഗിക്കാൻ സമയമായി എന്ന് തമാശ പറയുകയായിരുന്നു… അതിശയകരമാണ്, ഒരു ചാമ്പ്യനെ ഒരിക്കലും വിലകുറച്ച് കാണരുത്.. നിങ്ങളുടെ അസാമാന്യമായ പ്രവർത്തന നൈതികതയും പോരാട്ട വീര്യവും അർപ്പണബോധവും എനിക്കും ലോകമെമ്പാടുമുള്ള എണ്ണമറ്റ മറ്റുള്ളവർക്കും പ്രചോദനമാണ്.
“ഈ യുഗം നിങ്ങളുമായി പങ്കിടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കഴിഞ്ഞ 18 വർഷമായി നിങ്ങൾ എനിക്കായി ചെയ്‌തതുപോലെ, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിൽ പങ്കുവഹിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ മുന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” ഫെഡറർ കൂട്ടിച്ചേർത്തു. അഞ്ചര മണിക്കൂർ നീണ്ടുനിന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ തോൽപിച്ചാണ് നദാൽ നേട്ടം സ്വന്തമാക്കിയത്.