ആർഎസ് എസ് പ്രവർത്തകൻ സഞ്ജിത്ത് വധകേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ.കോഴിത്താമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇനി പിടിയിലാകാനുള്ളത് രണ്ട് പേരാണ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹാറൂണിനായി ഒരുമാസം മുമ്പ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. സഞ്ജിത് വധത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്.എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ഇക്കാര്യം വിശദീകരിക്കുമെന്നാണ് സൂചന.
അതേസമയം രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിൻ്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികള്‍ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.