പുനര്‍നിര്‍മ്മാണ പ്രവൃത്തി ഇന്ന് (ഓഗസ്റ്റ് 28) ആരംഭിക്കും
കോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. താല്കാലികമായി നിര്‍മ്മിച്ച നടപ്പാതയുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോരപ്പുഴയിലെ താല്കാലിക നടപ്പാതയിലൂടെയുള്ള യാത്രസൗകര്യം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ന്യായമായ ആവശ്യമാണ് യാത്ര സൗകര്യം ലഭിക്കുക എന്നത്. പലരും റെയില്‍വേ പാളം വഴിയാണ് യാത്ര ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളക്കെട്ട് തടയാനായി ഒഴുക്ക് വർദ്ധിപ്പിക്കാനാണ് നേരത്തെ ജില്ലാഭരണകൂടം പാലം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് (ആഗസ്റ്റ് 28) തന്നെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും. എത്രയും പെട്ടന്ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
മുന്‍പ് ഊരാളുങ്കല്‍ ലേബര്‍ കോര്‍പറേറ്റീവ് സൊസൈറ്റി കോരപ്പുഴയില്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരുന്നെങ്കിലും താല്കാലിക നടപ്പാത തുറന്ന് കൊടുത്തതോടെ ഇത് നിര്‍ത്തുകയായിരുന്നു. കോരപ്പുഴപാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് കോരപ്പുഴക്ക് കുറുകെ താല്കാലിക നടപ്പാത നിര്‍മ്മിച്ചത്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ദേശീയപാതാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ്, യു.എല്‍.സി.സി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.