അതിരടയാള കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ കെ റെയിൽ പദ്ധതി ഇല്ലാതാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നും കോൺഗ്രസിനില്ല യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കോടിയേരി പറഞ്ഞു. സര്‍വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്തിരിയണം.
സിപിഐയുടെ കോൺഗ്രസ് പുകഴ്ത്തലിനെ സംബന്ധിച്ചും കോടിയേരി പ്രതികരിച്ചു. കാനം രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഒറ്റപെട്ട സംഭവങ്ങളാണ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ആണ് കേരളത്തിലേത്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ല. പൊലീസിനെതിരായ ഹൈക്കോടതി പരാമർശങ്ങൾ പുതിയ കാര്യമല്ല.