കാസർകോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ അക്കാഡമിക് ബ്ലോക്കിൽ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആശുപത്രി കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെയാണ് അക്കാഡമിക് ബ്ലോക്കില്‍ ഒപി സേവനം സജ്ജമാക്കിയത്.
ആദ്യഘട്ടത്തില്‍ മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഒപി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണ്.