ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ആണ്, പെണ് ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു ബുധനാഴ്ച പ്രഖ്യാപിക്കും.
സംസ്ഥാനത്തെ ആദ്യ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപക-രക്ഷിതാക്കളും. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് തന്നെ പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്കൂളിലെത്തി.
വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ്, വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മുമ്പേ നടക്കുന്നത്. പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്.
പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ ഇന്നലെ സ്കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു. എന്നാൽ രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്കൂൾ അധികൃതർ പറയുന്നു.