നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ 25 കാരനായ റഷ്യൻ സ്വദേശിക്ക് കൊവിഡ് . വിമാന താവളത്തിൽ നടത്തിയ റാപിഡ് പിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നാണ് ഇയാളെത്തിയത്.
ഇയാളെ അമ്പലമുകളിലെ ഗവ. കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണാണോയെന്നറിയാൻ പരിശോധന നടത്തും. ഒമിക്രോൺ സംശയിക്കപ്പെട്ടിട്ടുള്ള 30 ലേറെ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
ഇതിനിടെ ഇക്കഴിഞ്ഞ 29 ന് വിമാന താവളത്തിൽ വന്നിറങ്ങിയ ഏഴ് റഷ്യൻ സ്വദേശികൾക്ക് കൊവിഡ് പരിശോധന നടത്തിയില്ലെന്ന തരത്തിലുള്ള വാർത്ത തെറ്റിദ്ധാരണപരത്തുന്നതാണെന്നും ഡിസംബർ 1 ന് പുലർച്ചെ മുതലാണ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയതെന്നും എയർപോർട്ട് ഡയറക്ടർ എസികെ.നായർ വ്യക്തമാക്കി.
കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാനിർദേശം നല്‍കി. വിശദ പരിശോധനക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.