ഒമിക്രോൺ ഒടുവിൽ ഇന്ത്യയിലും. കർണാടകയിൽ നിന്നുള്ള രണ്ട് പേരിലാണ് വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോണ്‍ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷൻമാരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ലവ് അഗർവാൾ അറിയിച്ചു.
നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.