കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നവവധു സ്വര്‍ണാഭരണങ്ങളുമായി ഒളിച്ചോടി. തൃശൂരിലാണ് സംഭവം.സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങിയത് ആറുദിവസമാണ്.ഭാര്യയെ കാണാതായതിനു പിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് അവശനായ ഭര്‍ത്താവ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്.
ഒക്ടോബര്‍ 25 നായിരുന്നു പഴുവില്‍ സ്വദേശിയായ യുവതിയും ചാവക്കാട് സ്വദേശിനിയായ യുവാവിന്റെയും വിവാഹം നടന്നത്.പിറ്റേ ദിവസം ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു, സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോകുകയായിരുന്നു. ഭര്‍ത്താവിന്റെ ഫോണ്‍ വാങ്ങി, ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞാണ് സ്‌കൂട്ടറില്‍ രണ്ടുപേരും പോയത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ വെച്ചശേഷം ചെന്നൈയ്ക്ക് ട്രെയിന്‍ ബുക്ക് ചെയ്തുവെങ്കിലും, ബസില്‍ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ട്രെയിനില്‍ ചെന്നൈയ്ക്കും പോയി. അവിടെനിന്ന് മധുരൈയിലെത്തി മുറിയെടുത്തശേഷം ചുറ്റിക്കറങ്ങുകയായിരുന്നു.വൈകുന്നേരം വരെ കാത്തിരുന്നിട്ടും യുവതി വരാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ മധുരയില്‍ നിന്നാണ് യുവതികളെ പൊലീസ് കണ്ടെത്തിയത്. മധുരയിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച ഇരുവരും പണം നല്‍കാതെ മുങ്ങുകയായിരുന്നു. ഒടുവില്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിന് തുമ്പ് ലഭിച്ചത്.യുവതിയുടെ കൂട്ടുകാരിയും വിവാഹം കഴിഞ്ഞ് 16 ാം ദിവസം ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞുകഴിയുകയായിരുന്നു. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്ന് യുവതികള്‍ പറയുന്നു. പണവും സ്വര്‍ണവും വേണ്ടതിനാലാണ് യുവതികള്‍ വിവാഹം കഴിച്ചത്. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.