Entertainment News

ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാനൊരുങ്ങി ഫിലിം ചേംബര്‍; മതസംഘടനകളോ മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തിയാല്‍ വെട്ടും

നാദിര്‍ഷയുടെ ഈശോ സിനിമക്കെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാന്‍ ഫിലിം ചേംബര്‍. വിവാദമുയര്‍ത്തുന്നതും മതസംഘടനകളോ, മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തുന്നതോ ആയ പേര് അനുവദിക്കേണ്ടെന്നാണ് ചേംബറിന്റെ നിലപാട്. സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ കൃത്യമായ പരിശോധനയിലൂടെ മതിയെന്നാണ് സംഘടനയുടെ തീരുമാനം. കൊവിഡിന് പിന്നാലെ ഒടിടി സാധ്യത വന്നപ്പോള്‍ ചേംബറിന്റെ അനുമതി തേടാതെയും രജിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പല നിര്‍മ്മാതാക്കളും സിനിമ തുടങ്ങിയത് തുടര്‍ന്ന് അനുവദിക്കേണ്ടെന്നും ചേംബര്‍.

വിവാദ സാധ്യതയുള്ളതും മതവികാരത്തെ ബാധിക്കുന്നതുമായ പേരുകള്‍ മാറ്റാന്‍ നേരത്തെയും നിര്‍മ്മാതാവിനോട് ആവശ്യപ്പെടാറുണ്ടെന്നും പല സിനിമകളും ആദ്യം ആലോചിച്ച പേര് മാറ്റിയിട്ടുണ്ടെന്നും ഫിലിം ചേംബര്‍ പ്രതിനിധികളിലൊരാള്‍ പ്രതികരിച്ചു. വലിയ മുതല്‍മുടക്കുള്ള ഇന്‍ഡസ്ട്രി എന്ന നിലക്ക് പ്രദര്‍ശനത്തെയും വിതരണത്തെയും ബാധിക്കരുതെന്ന് കരുതിയാണ് ചേംബര്‍ ഇത്തരം നിലപാട് സ്വീകരിക്കാറുള്ളത്. സിനിമയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും പബ്ലിസിറ്റി ക്ലിയറന്‍സ് വാങ്ങുകയും വേണം എന്നതാണ് കീഴ് വഴക്കം.

Kozhipporu (2020) - IMDb

2020ല്‍ ഗാഗുല്‍ത്തയിലെ കോഴിപ്പോര് എന്ന പേര് രജിസ്റ്റര്‍ ചെയ്യാനിരുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ അതില്‍ വിവാദമുണ്ടാകുമെന്ന് ചര്‍ച്ച വന്നപ്പോള്‍ സിനിമയുടെ പേര് കോഴിപ്പോര് എന്ന് മാറ്റിയിരുന്നു. രാജേശ്വരി അധോലോകം, കെയര്‍ ഓഫ് മഹാരാജാസ് എന്നീ പേരുകളൊക്കെ ഇങ്ങനെ മാറ്റിയ സാഹചര്യമുണ്ട്. പേരിടുന്ന കാര്യത്തില്‍ പുതിയ മാനദണ്ഡമൊന്നുമില്ല.

ഈശോയുടെ രജിസ്റ്റര്‍ ചെയ്യില്ല

ഒരു വിഭാഗം ക്രൈസ്തവ സംഘടനകളും സഭകളും ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ നാദിര്‍ഷ ചിത്രം ഈശോ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ കേരള ഫിലിം ചേംബര്‍ ഓഫ് കമേഴ്സ്. സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ല, സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേംബറില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്ട്രേഷന്‍ അപേക്ഷ തളളിയിരിക്കുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പേരിന് അനുമതി നല്‍കേണ്ടെന്ന നിലപാട് ഫിലിം ചേംബര്‍ തലപ്പത്തുള്ള ഒരു വിഭാഗം സ്വീകരിച്ചെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ 2019ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാനാണ് ഫിലിം ചേംബറില്‍ അംഗത്വം എടുത്തതെന്നും ഇത് പുതുക്കിയില്ലെന്നും ചേംബര്‍ അറിയിച്ചു. ഈശോയുടെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക് ശേഷമാണ് രജിസ്ട്രേഷനായി സമീപിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ച സാഹചര്യത്തിലും നിര്‍മ്മാതാവ് അംഗത്വം പുതുക്കാത്തതിനാലും സിനിമ രജിസ്റ്റര്‍ ചെയ്തില്ലെന്നും മറ്റ് വിവാദങ്ങള്‍ ചേംബര്‍ യോഗം പരിഗണിച്ചില്ലെന്നും ആണ് നല്‍കുന്ന വിശദകരണം.

ഈശോ എന്ന പേര് യേശുവിനെയും ക്രൈസ്തവ സമൂഹത്തെയും അവഹേളിക്കുന്നുവെന്ന ആരോപണവുമായി കാസ പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളാണ് തുടക്കത്തില്‍ രംഗത്ത് വന്നത് പിന്നീട് ചില ബിഷപ്പുമാരും ഇതിനെ പിന്തുണച്ച് രംഗത്ത് വന്നു. ഈശോ എന്ന പേര് മാറ്റേണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ മതസംവിധാനങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ഫെഫ്ക നിലപാട് സ്വീകരിച്ചിരുന്നു. നാദിര്‍ഷയെ പിന്തുണച്ച് സിനിമാ ലോകത്ത് നിന്നും കൂടുതല്‍ പേര്‍ രംഗത്ത് വന്നിരുന്നു. ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ഈശോയുടെ തിരക്കഥ സുനീഷ് വാരനാടാണ്.

ഒടിടി റിലീസിന് ഫിലിം ചേംബര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ലെങ്കിലും തിയറ്റര്‍ റിലീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചേംബര്‍ അനുമതി വേണം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും മേല്‍ഘടകമാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!