കോവിഡ്: നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് വൈകുന്നേരം 5.30ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത-പേള്‍, രണ്ടുകോടി വരെയുള്ള സംരംഭങ്ങള്‍ക്കായി കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസിഭദ്രത- മെഗാ എന്നീ പദ്ധതികളാണ് യാഥാര്‍ഥ്യമാവുന്നത്. കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴിയാണ് സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള പേള്‍ പലിശരഹിത സംരംഭകത്വ വായ്പയും പിന്തുണസഹായങ്ങളും നല്‍കുന്നത്.
കെ.എസ്.ഐ.ഡി.സി മുഖേനെ നടപ്പാക്കുന്ന പ്രവാസി ഭദ്രത- മെഗാ പദ്ധതിയില്‍ ഒരു സംരംഭത്തിന് 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപവരെയാണ് വായ്പ. ആദ്യത്തെ നാലുവര്‍ഷം അഞ്ചു ശതമാനം മാത്രം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. ബാക്കി പലിശ നോര്‍ക്ക സബ്‌സിഡി അനുവദിക്കും.
ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.
കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ.ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും.
പി.എന്‍.എക്സ്. 2912/2021
ഭക്ഷ്യമന്ത്രി നെല്‍ കര്‍ഷകരുമായി നാളെ (26) ചര്‍ച്ച നടത്തും
ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകരുടെ സംഘടനകളും പാടശേഖര സമിതികളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നാളെ (ആഗസ്റ്റ് 26) ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. തുടര്‍ന്ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ജില്ലയിലെ എം.എല്‍.എ മാരുമായി ചര്‍ച്ച നടത്തും.
പി.എന്‍.എക്സ്. 2913/2021
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ വിവിധ സെന്ററുകളില്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിഗ്രിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in, 0471-2560333.
പി.എന്‍.എക്സ്. 2914/2021
ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21 അദ്ധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച, പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക്് അപേക്ഷിക്കാം. വിമുക്തഭടന്റെ / വിധവയുടെ / രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 10,11,12 ക്ലാസ്സിലുള്ളവര്‍ നവംബര്‍ 30 ന് മുന്‍പും, ബാക്കിയുള്ളവര്‍ ഡിസംബര്‍ 31 ന് മുന്‍പും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. www.sainikwelfarekerala.org യില്‍ ഡൗണ്‍ലോഡ് ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
പി.എന്‍.എക്സ്. 2915/2021
ഫാഷന്‍ ഡിസൈനിംഗ് കോഴ്സ്
കണ്ടല ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിങ് രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sitttrkerala.ac.in ലും ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 9074027033, 9895996625.
പി.എന്‍.എക്സ്. 2916/2021
എം.എസ്.സി.(എം.എല്‍.റ്റി.) പ്രവേശനം: റാങ്ക്ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്.സി.(എം.എല്‍.റ്റി.) 2020-21 കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് കോഴ്സ്/കോളേജ് ഓപ്ഷനുകള്‍ ആഗസ്റ്റ് 27 ഉച്ചയ്ക്ക് 12 മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.
പി.എന്‍.എക്സ്. 2917/2021
കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതി
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം കുറയ്ക്കാനാണ് ഊര്‍ജിത പരിശോധന. വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പരിശോധനയ്ക്കായി അവരവര്‍ തന്നെ മുന്‍കൈയെടുക്കണം. തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തും. കാലതാമസമില്ലാതെ പരിശോധനാ ഫലം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും പരിശോധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കില്‍ പോലും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കണം. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധന നടത്തണം.
ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തിവരുന്നു.
പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന 1,99,456 വരെ (03.08.2021) വര്‍ധിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.
പി.എന്‍.എക്സ്. 2918/2021