ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു ജസ്പ്രീത് ബുംറ. ബുംറയെ വാതോരാതെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ രംഗത്തെത്തി .
കളിക്കളത്തില്‍ എപ്പോഴും വളരെ കൂളായി കാണപ്പെടുന്ന ക്രിക്കറ്ററാണ് ബുംറയെന്നും തന്റെ നേര്‍ക്ക് ആരുടെയെങ്കിലും ഭാഗത്തു നിന്നു പ്രകോപനമുണ്ടായാലും അദ്ദേഹം മുഖവിലയ്ക്കെടുക്കാതെ ചിരിച്ചു തള്ളുകയായിരുന്നു പതിവെന്നും പക്ഷെ ലോര്‍ഡ്സില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബുംറയെയാണ് കണ്ടതെന്നും സഹീര്‍ പറഞ്ഞു.
”ആദ്യ ഇന്നിങ്സ് നോക്കൂ, ക്ലാസ് ബൗളറായിട്ടും അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. തീര്‍ച്ചയായും ഇതു അദ്ദേഹത്തിനെ അലട്ടിയിരിക്കാമെന്നും രണ്ടാമിന്നിങ്സില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കാം”-സഹീര്‍ നിരീക്ഷിച്ചു.
ദേഷ്യം വന്നാല്‍ ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ബുംറ ഇടയ്ക്കു ദേഷ്യം പിടിക്കുന്നത് നല്ലതാണെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.
ആന്‍ഡേഴ്സനെതിരായ ഓവറിലെ സംഭവവികാസങ്ങളും ബാറ്റ് ചെയ്യവെ ഇംഗ്ലീഷ് പേസര്‍മാര്‍ തന്നെ ലക്ഷ്യമിട്ടതും ബുംറയെ പ്രകോപിപ്പിച്ചിട്ടുണ്ടാവുമെന്നും സഹീര്‍ പറഞ്ഞു. ”ആന്‍ഡേഴ്സനെതിരേ ബുംറ ബൗണ്‍സറുകളെറിഞ്ഞത് കാര്യമാക്കാതിരിക്കുകയും അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു നല്ലതെന്നു ഇപ്പോള്‍ ഇംഗ്ലണ്ടിനു തോന്നുന്നുണ്ടാവും”- സഹീര്‍ കൂട്ടിച്ചേര്‍ത്തു.
ലോര്‍ഡ്സ് ടെസ്റ്റല്‍ 151 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ നേടിയത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു.