കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ കർഷകർക്കു അനുമതി നല്‍കി ഹൈക്കോടതി.കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് നിര്‍ണ്ണായകമായ ഉത്തരവ് . രണ്ട് കർഷകർ നൽകിയ ഹർജിയിലാണ് ഉത്തരവെങ്കിലും കോടതിയെ സമീപിച്ചാൽ സമാന സാഹചര്യം നേരിടുന്ന കർഷകർക്കും സമാനമായ അനുമതി ലഭിച്ചേക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.കോടതി ഉത്തരവനുസരിച്ച് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1)(ബി) പ്രകാരം ചീഫ് വൈല്‍ഫ് വാര്‍ഡന് കര്‍ഷകരുടെ അപേക്ഷ പ്രകാരം കൃഷിയിടത്തില്‍ അതിക്രമിച്ചുകയറുന്ന കാട്ടുന്നികളെ കൊല്ലാന്‍ അനുമതി നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് പി. ബി. സുരേഷ് കുമാറിന്റെ ഉത്തരവിലുണ്ട്.
കര്‍ഷകരുടെ ജീവനോപാധികള്‍ നശിപ്പിയ്ക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണപരാജയമാണെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അനിവാര്യമായി മാറിയിരിയ്ക്കുകയാണെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകരായ അലക്‌സ് എം. സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.