കോവിഡ് പ്രതിരോധ വാക്സിന്റെ പ്രതിവാര വിതരണത്തില്‍ റെക്കോഡ് വര്‍ധന. ജൂണ്‍ 21-നും 26-നും ഇടയില്‍ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് വാക്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മൂന്നിനും ഒന്‍പതിനും ഇടയില്‍ 2.47 കോടി ഡോസുകള്‍ നല്‍കിയതാണ് ഇതിനു മുന്‍പുള്ള റെക്കോഡ് വാക്സിനേഷന്.
ജൂണ്‍ 21-നു മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. അതായത് യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്സര്‍ലന്‍ഡിലെ ആകെ ജനസംഖ്യയോളം ആളുകള്‍ക്കാണ് ഇന്ത്യ അന്നു മാത്രം വാക്സിന് വിതരണം ചെയ്തത്.
കോവിഡ് വാക്സിന് വിതരണം പുതിയഘട്ടത്തിലേക്ക് കടന്ന ജൂണ്‍ 21-ന് വിവിധ സംസ്ഥാനങ്ങള്‍ മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അതാണ് അന്ന് റെക്കോഡ് വാക്സിനേഷന് നടക്കാന്‍ കാരണം. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും 2021 ഡിസംബറോടെ വാക്സിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
അതേസമയം, മൂന്നുകോടിയില്‍ അധികം ഡോസുകള്‍ വിതരണം ചെയ്ത സംസ്ഥാനമായി മഹാരാഷ്ട്ര മാറി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്സിന് ഡോസ് വിതരണം മൂന്നുകോടി കടന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ടുകോടിക്കും മൂന്നുകോടിക്കും ഇടയില്‍ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.