കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. നടക്കുന്നത് പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് അല്ലെന്നായിരുന്നു ആരിഫ് പറഞ്ഞത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഇടതു എംപിയുടെ പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.പ്രാരാബ്ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അത് പറയണം. പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന് യുഡിഎഫ് ഓര്‍ക്കണമെന്നും എ എം ആരിഫ് പറഞ്ഞു.
യുഡിഎഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് അരിത. പശുവിനെ വളര്‍ത്തിയും പാല്‍ വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അന്ന് തന്നെ വൈറലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച് അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന സ്ഥാനാര്‍ഥിയെ എംപി പരിഹസിച്ചെന്ന് യുഡിഎഫ് അനുകൂലികള്‍ വിമര്‍ശിക്കുന്നു. അതേസമയം എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവന്നത് സങ്കടമുണ്ടാക്കി. എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്. രാഷ്ട്രീയം ഒരു സേവനമായി കരുതി എന്‍റെ അധ്വാനത്തിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ വീട്ടിലെ സാഹചര്യം കൊണ്ടാണ് ഓരോ തൊഴില്‍ ചെയ്യുന്നത്. കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്കേ പ്രയാസം അറിയൂ.അരിത പറഞ്ഞു

