ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നു പേർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തി ഇടപാടുണ്ടെന്നും മൊഴിയിൽ പറയുന്നു.
ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നു. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.