കോഴിക്കോട്: യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് കാരാട്ട് റസാഖ് എംഎല്‍എ. യുഡിഎഫ് സംസ്ഥാന നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്നും മുസ്ലിം ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും കാരാട്ട് റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ലീഗ് പ്രാദേശിക നേതൃത്വത്തിന് തന്നോടുള്ള എതിര്‍പ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്‍്റെ പ്രവര്‍ത്തനമെന്ന് കാരാട്ട് റസാഖ് വിമര്‍ശിച്ചു. ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണ്. പിടിഎ റഹീമിനെ തിരികെ എത്തിക്കാനും ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ കാര്യം എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചുവെന്നും റസാഖ് പറഞ്ഞു. എല്‍ഡിഎഫില്‍ തനിക്ക് നല്ല പരിഗണനയാണ് കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.