ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗത്തിൽ നവോമി ഒസാക്ക ചാംപ്യൻ. കലാശപോരാട്ടത്തിൽ ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത്. 2019ലെ ചാമ്പ്യനായ ഒസാക്ക, സെമിയിൽ സെറീന വില്യംസിനെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. കരോളിന മുച്ചോവയെ തോൽപിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ബ്രാഡിയുടെ സ്വപ്നം തുടർച്ചയായ 21-ാം ജയത്തിൽ ഒസാക്ക തകർത്തു.
കഴിഞ്ഞ 20 മത്സരങ്ങളിലും തോൽക്കാതെയാണ് ഒസാക്ക ഒസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെത്തിയത്. ഗ്രാന്റ്സ്ലാം ഫൈനലിൽ പരാജയപ്പെട്ടട്ടില്ല എന്ന ചരിത്രവും ഒസാക്ക മെൽബണിൽ ആവർത്തിച്ചു. കളിച്ച നാല് ഗ്രാന്റ്സ്ലാം ഫൈനൽ പോരാട്ടങ്ങളിലും ഒസാക്ക തന്നെ കിരീടം സ്വന്തമാക്കിയിരുന്നു. 2018ൽ യുഎസ് ഓപ്പണിൽ സാക്ഷാൽ സെറീന വില്യംസണിനെ പരാജയപ്പെടുത്തിയായിരുന്നു ഒസാക്ക ആദ്യ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയത്. അടുത്ത വർഷം ഓസ്ട്രേലിയൻ ഓപ്പണിലും 2020ൽ വീണ്ടും യുഎസ് ഓപ്പണിലും ഒസാക്ക കിരീടം നേടിയിരുന്നു.