സലിംകുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കമല്‍. ചലച്ചിത്ര മേളയില്‍നിന്നു രാഷ്ട്രീയ കാരണത്താല്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. എന്നാലിത് നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ രംഗത്തെത്തി. സലിംകുമാറിനെ ഒഴിവാക്കി ഒരു മേള കൊച്ചിയില്‍ നടക്കില്ലെന്നും പരാതി പരിഹരിക്കുമെന്നും കമല്‍ അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് നടന് സലിംകുമാറിനെ ഒഴിവാക്കിയത് വന്‍ വിവാദമായതിനു പിന്നാലെയാണ് പ്രതികരണം.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയാറായിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍നിന്നു സലിംകുമാറിനെ ഒഴിവാക്കില്ല. സലിംകുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ലെന്നും കമല്‍ അറിയിച്ചു.
ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് 25 പുരസ്കാര ജേതാക്കളെ ക്ഷണിച്ചപ്പോള്‍ തന്നെ ഒഴിവാക്കിയെന്നായിരുന്നു സലിംകുമാറിന്റെ ആരോപണം. പ്രായക്കൂടുതലെന്നു കാരണം പറഞ്ഞതായും സലിംകുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്നും ഒഴിവാക്കാന്‍ കാരണം രാഷ്ട്രീയമാണെന്നും സലിംകുമാര്‍ പറഞ്ഞു.

