സിഎജിക്കെതിരായ പ്രമേയം പാസ്സാക്കി നിയമസഭ. സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയമാണ് നിയമസഭ പാസാക്കി. കിഫ്ബിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള മൂന്ന് പേജുകള്‍ നിരാകരിക്കണമെന്നാണ് സഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയത് സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെയാണെന്നും ഇത് തെറ്റായ കീഴ് വഴക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ കീഴ് വഴക്കത്തിന് കൂട്ടു നിന്നുവെനന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എന്നാല്‍, പ്രതിപക്ഷം പ്രമേയത്തെ ശക്തമായെതിര്‍ത്ത് രംഗതെത്തി. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയ്ക്ക് വിടുകയാണ് പതിവെന്നും വി.ഡി സതീശന് പറഞ്ഞു. കോടതി വിധി നിരാകരിക്കുന്ന പ്രമേയം പാസാക്കാന്‍ കഴിയുമോ? പ്രമേയം പാസാക്കാന്‍ സഭയ്ക്ക് എന്ത് അധികാരമാണെന്നും കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണെന്നും വിഡി സതീശന് പറഞ്ഞു.