ആദ്യഘട്ട കൊവിഡ്-19 വാക്സിന്‍ ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് വാക്സിനുമായുള്ള വിമാനം നെടുമ്പാശേരിയിലെത്തും. വൈകിട്ട് ആറിനാണ് തിരുവനന്തപുരത്തെത്തുക. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയറിനാണ്് വാക്സിന്‍ എത്തുന്നത്. 1,80,000 ഡോസ് വാക്സിനുകള്‍ ആദ്യബാച്ചില്‍ ഉണ്ടാവും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാക്സിന്‍ ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ആദ്യബാച്ചില്‍ 25 ബോക്സുകളായിരിക്കും. ഇതില്‍ എറണാകുളത്തേക്ക് 15 ബോക്സുകളും കോഴിക്കോട്ടേക്ക് പത്തു ബോക്സുകളും ആണ്. കോഴിക്കോട് നിന്ന് 1100 വാക്‌സിന്‍ മാഹിയിലും വിതരണം ചെയ്യും. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇതുവരെ 3,62,870 പേരാണ് കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കും. 133 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുക. എറണാകുളം ജില്ലയില്‍ 12ഉം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11ഉം, ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. പഴുതടച്ച വാക്‌സിന്‍ വിതരണത്തിനായി കര്‍മ്മ പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. രണ്ട് ഘട്ടമായി നടന്ന ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം വാക്‌സിനേഷനായി തയ്യാറെടുക്കുന്നത്.
രാജ്യത്ത് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കുള്ള വാക്‌സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചിരുന്നു. എത്ര വാക്‌സിന്‍ ലഭിച്ചാലും അത് സംസ്ഥാനത്ത് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.