ദുരന്തകാലങ്ങളില്‍ കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. സംസ്ഥാനം നേരിട്ട വിവിധ ദുരന്തങ്ങളില്‍ വരുമാന മാര്‍ഗം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുക എന്ന ഉദ്ദേശത്തോടെ അത്തരം സാഹചര്യങ്ങളില്‍ കുടുംബശ്രീ വഴി പലിശ രഹിത വായ്പ അനുവദിക്കുക എന്ന മാതൃകാപരമായ നയം കേരളം സ്വീകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പോസ്റ്റിലൂടെ വിശദമാക്കുന്നു.
2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സര്‍ക്കാര്‍ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന പോസ്റ്റില്‍ കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്കും കുടുംബശ്രീയില്‍ ചേര്‍ന്നു കൊണ്ട് പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നും വ്യക്തമാക്കുന്നുണ്ട്.