മരണത്തിന് 8 മാസം മുന്‍പ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നല്‍കിയിരിക്കുന്നത് സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും. കേസന്വേഷിക്കുന്ന സിബിഐ ഇതുസംബന്ധിച്ച് പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തു. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.
ബാലഭാസ്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും ഇ മെയിലും പോളിസിക്കായി നല്കിയിരിക്കുന്നതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സാഹചര്യം കൂടി കണക്കിലെടുത്ത് പോളിസി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബാലഭാസ്കറിനെ അപകട ശേഷം ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.