കെഎസ്എഫ്ഇ, സിഎജി റിപ്പോര്‍ട്ട് വിവാദങ്ങളില്‍ വിശദീകരണവുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ആരുടെ വട്ട് എന്ന് ചോദിച്ചതില്‍ പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ട്, അതു തന്നെയാണ് തന്റെയും നിലപാട് എന്ന് ഐസക് പറഞ്ഞു. ഇങ്ങനെയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും കൊല്ലത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ നല്ലതു പറഞ്ഞിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മന്ത്രിയെ എത്തിക്സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത് ആദ്യമെങ്കില്‍ അതൊരു നല്ല കാര്യമാണ്. ശിക്ഷ വിധിക്കാനുള്ള കമ്മിറ്റിയല്ല എത്തിക്സ് കമ്മിറ്റി. സിഎജി റിപ്പോര്‍ട്ട് ഗൂഢ പദ്ധതിയാണെന്നും ഐസക് പറഞ്ഞു.
കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും ഐസക് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കാശ് വാങ്ങിയവരുടെ പേര് അടക്കം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങള്‍ പറയുന്നതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കമ്മിറ്റിയില്‍ സിഎജി നിഗമനങ്ങളുടെ മെറിറ്റ് ചര്‍ച്ച ചെയ്യാം. റിപ്പോര്‍ട്ട് ചട്ടപ്രകാരമല്ല. സംശയമുള്ള ഓരോ കാരണത്തിലും വിശദീകരണം തേടണം. വിശദീകരണം തള്ളിയാല്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
നിയമസഭയ്ക്കു മുന്നില്‍ താന്‍ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം എജിയുടെ തെറ്റായ നടപടിയെന്നും തോമസ് ഐസക് പറഞ്ഞു. സ്പീക്കര്‍ക്ക് നല്കിയ കത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും അഭ്യര്‍ഥിച്ചതായി മന്ത്രി പറഞ്ഞു. സ്പീക്കര്‍ക്ക് സിഎജിയുടെ വിശദീകരണവും തേടാവുന്നതാണെന്നു മന്ത്രി പറഞ്ഞു.