ബന്ധുവായ നാല്‍പ്പതുകാരി സന്ധ്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പോസ്റ്റ്‌മോര്‍ട്ടവും ഫൊറന്‍സിക് പരിശോധനയുമില്ലാതെ മൃതദേഹം സംസ്‌കരിക്കാന്‍ നീക്കം നടക്കുന്നതായും ധൃതിപിടിച്ച് ശരീരം ദഹിപ്പിക്കുന്നത് ബന്ധുക്കള്‍ക്ക് ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് കൂടിയാണെന്നും സനല്‍ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹം അടിയന്തരമായി ഇടപെടേണ്ട വിഷയമാണിതെന്നും ഇന്ന് ഞാന്‍ നാളെ നീ എന്ന് ദുരൂഹമരണങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കാതിരിക്കട്ടെയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പങ്കുവെച്ചുകൊണ്ട് സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സന്ധ്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ ദുരൂഹതകള്‍ തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടവും ഫോറന്‍സിക് പരിശോധനകളും നടത്താതെ മൃതശരീരം ദഹിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് സംശയം ഉണ്ട്. കോവിഡ് ആണ് മരണ കാരണം എന്ന് അന്തിമ ഫലം വരുന്നതിന് മുന്‍പേ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു ധൃതി പിടിച്ചു ശരീരം ദഹിപ്പിക്കുന്നത് ബന്ധുക്കള്‍ക്ക് ശരീരം ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുക കൂടിയാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തികൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ മെയില്‍ വഴി പരാതി ഉന്നയിച്ചിട്ടുണ്ട്. അത് ചുവടെ ചേര്‍ക്കുന്നു.
പൊതുസമൂഹം അടിയന്തിരമായി ഇടപെടേണ്ട വിഷയമാണ്. ഇന്ന് ഞാന്‍ നാളെ നീ എന്ന് ദുരുഹമരണങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കാതിരിക്കട്ടെ.
സര്‍,
പെരുമ്പഴുതൂര്‍ സരസ്വതി വിലാസം ബംഗ്ലാവില്‍ നാല്‍പതു വയസുള്ള സന്ധ്യയുടെ പൊടുന്നനെയുള്ള മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നും അതുമായി സംസ്ഥാനത്ത് നിലവിലുണ്ട് എന്ന് പറയപ്പെടുന്ന ഓര്‍ഗന്‍ മാഫിയയ്ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഞാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ തിരുവനന്തപുരം റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു.
ടി സന്ധ്യയുടെ പോസ്റ്റ് മോര്‍ട്ടം 10/11/2020 നടത്തുമെന്നും ആയതിന് അന്നേദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തണമെന്നും സന്ധ്യയുടെ ബന്ധുക്കളെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു. അതേതുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തുകയും പിപിഇ കിറ്റ് ഇട്ടുകൊണ്ട് പോസ്റ്റ് മോര്‍ട്ടത്തിനായി ബോഡി എടുത്തുകൊടുക്കുകയും ഒരു മണിക്കൂറിലധികം പുറത്ത് കാവലിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാര്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു എന്നും മരണ കാരണം കോവിഡ് ആണെന്നും കരള്‍ പൂര്‍ണ വളര്‍ച്ച എത്തിക്കഴിഞ്ഞു എന്നും ബന്ധുക്കളെ അറിയിക്കുകയുണ്ടായി.
തുടര്‍ന്ന് ഇന്നലെ (11/11/2020) ന് മൃതശരീരം ദഹിപ്പിക്കുന്നതിനായി ഒരു കത്തുമായി നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ അറിയിക്കണമെന്ന് സന്ധ്യയുടെ ബന്ധുക്കളോട് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു അപേക്ഷയുമായി മുനിസിപ്പാലിറ്റിയെ ബന്ധുക്കള്‍ സമീപിച്ചിട്ടുള്ളതാണ്.
എന്നാല്‍ മരണത്തില്‍ ദുരൂഹത സംശയിക്കുന്ന കേസ് ആയതിനാല്‍ ദഹിപ്പിക്കുന്നതിനായി സ്റ്റേഷനില്‍ നിന്നും ഒരു എന്‍ഒസി വേണമെന്ന് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ നിന്നും അവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് പൊലീസില്‍ നിന്നും ഒരു എന്‍ഒസി എഴുതി വാങ്ങി നല്‍കിയിരുന്നു.
എന്നാല്‍ വളരെ വൈകിയും മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്യുമെന്റുകള്‍ കിട്ടിയില്ല എന്നതിനാല്‍ സംസ്‌കാരം ഇന്നലെ നടക്കുകയില്ല എന്ന് മുനിസിപ്പാലിറ്റിയില്‍ നിന്നും അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. മൃതദേഹം ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാവിലെ മുതല്‍ കാത്തിരുന്ന സന്ധ്യയുടെ സഹോദരനെ ഇന്ന് രാവിലെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
എന്നാല്‍ ഇന്നലെ വൈകുന്നേരം ഒരു മീഡിയാ പ്രവര്‍ത്തകനില്‍ നിന്നും എനിക്ക് അറിയാന്‍ കഴിഞ്ഞത് പോസ്റ്റ് മോര്‍ട്ടം ഇതുവരെയും നടന്നിട്ടില്ല എന്നും ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടം നടക്കാന്‍ സാധ്യതയുണ്ടെന്നുമാണ്. അത് സത്യമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സത്യമാണെങ്കില്‍ ഈ സംഭവത്തിലുള്ള ദുരൂഹതകള്‍ വീണ്ടും വര്‍ദ്ധിക്കുകയാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പൊലീസുകാര്‍ പോസ്റ്റ് മോര്‍ട്ടം നടന്നു എന്നും മരണ കാരണം കോവിഡ് ആണെന്നും ബന്ധുക്കളെ ധരിപ്പിച്ചു എന്നത് സംശയകരമാണ്.
സന്ധ്യയുടെ ശരീരം കൃത്യമായ പോസ്റ്റ് മോര്‍ട്ടം നടത്താതെ കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ആരെയും കാണിക്കാതെ കത്തിച്ചുകളയാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു. പോസ്റ്റ് മോര്‍ട്ടവും ഫോറന്‍സിക് പരിശോധനകളും കൃത്യമായി നടത്തിയില്ലെങ്കില്‍ ഈ കേസിനു പിന്നിലുള്ള ദുരൂഹത നീക്കാന്‍ കഴിയില്ല. ആയതിനാല്‍ ശരിയായ പോസ്റ്റ് മോര്‍ട്ടം നടന്നു എന്നും മരണ കാരണം കൃത്യമായി കണ്ടെത്തി എന്നും ഉറപ്പിച്ചിട്ട് മാത്രമേ ശരീരം ദഹിപ്പിക്കാവൂ എന്ന് അപേക്ഷിക്കുന്നു.
വളരെ ദുരൂഹതകള്‍ മരണത്തിലും പിന്നീടുള്ള പൊലീസ് നടപടികളിലും ഉള്ളതിനാല്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നുള്ള കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ മൃതശരീരം കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ക് ബന്ധുക്കളെ കാണിക്കാതെ ദഹിപ്പിക്കരുത് എന്നും പരിശോധനാ ഫലം വന്ന ശേഷം കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്ത് അടക്കം ചെയ്യുന്നതിനായി ബന്ധുക്കള്‍ക്ക് കൈമാറണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.