Trending

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായിരുന്ന സി. മോയിൻകുട്ടി (75) നിര്യാതനായി

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി (75) നിര്യാതനായി.രാവിലെ എട്ടരയോടെ വീട്ടില്‍ വെച്ചായിരുന്നു മരണം.കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എം.എസ്.എഫിലൂടെയും മുസ്‌ലിം യൂത്ത് ലീഗിലൂടെയുമാണ് മോയിന്‍കുട്ടി രാഷ്ട്രീയ രംഗത്തെത്തിയത്. പിതാവ് പരേതനായ പി.സി. അഹമ്മദ്കുട്ടി ഹാജിയുടെ പാത പിന്തുടര്‍ന്നാണ് മോയിന്‍കുട്ടി രാഷ്ട്രീയ രംഗത്ത് സജീവമായത്. 1960 കാലഘട്ടത്തില്‍ വയനാട്ടിലെ മീനങ്ങാടിയില്‍ പലചരക്ക് കട നടത്തുകയായിരുന്ന മോയിന്‍കുട്ടി അവിടെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു.

മീനങ്ങാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് സജീവമായ മോയിന്‍കുട്ടി കച്ചവടം മതിയാക്കി മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. മത, രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന മികച്ച രാഷ്ട്രീയ പ്രഭാഷകരില്‍ ഒരാളായിരുന്നു. രണ്ടുതവണ താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടായിരുന്നു. 1983, 1988 വര്‍ഷങ്ങളിലായിരുന്നു ഇത്. 1996 ല്‍ കൊടുവള്ളിയില്‍ നിന്നും, 2001-ലും 2011-ലും തിരുവമ്പാടിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്യാവസാനം വരെ അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്. അക്കാരണത്താല്‍ ഏറെ ജനപിന്തുണയുള്ള മുസ്‌ലിം ലീഗ് നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ബാഫഖി തങ്ങള്‍, സി.എച്ച്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരോടൊപ്പം പാര്‍ട്ടി നേതൃരംഗത്ത് അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായിരുന്നു.

പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം, താമരശ്ശേരി സി.എച്ച്. സെന്റര്‍ പ്രസിഡണ്ട്, അണ്ടോണ മഹല്ല് മുതവല്ലി, അണ്ടോണ മഹല്ല് പ്രസിഡണ്ട്, കുന്നിക്കല്‍ മഹല്ല് പ്രസിഡണ്ട്, പരപ്പന്‍പൊയില്‍ നുസ്‌റത്തുല്‍ മുഹ്താജീന്‍ സംഘം പ്രസിഡണ്ട്, ലൗഷോര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ മെന്റലി ചാലഞ്ച്ഡ് വര്‍ക്കിംഗ് ചെയര്‍മാന്‍, കാരാടി മഹല്ല് കമ്മിറ്റി രക്ഷാധികാരി, കാരാടി മഹല്ല് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന മജ്മഅതു് തര്‍ബിയത്തുല്‍ ഇസ്ലാം എന്ന സംഘടനയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. രണ്ടു തവണ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവും ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊടുവള്ളിയില്‍ നിന്ന് ഒരു തവണയും തിരുവമ്പാടിയില്‍ നിന്ന് രണ്ടു തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്, ജന. സെക്രട്ടറി, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, മുസ്‌ലിം ലീഗ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട്, കെ.എസ്.ആര്‍.ടി.സി അഡൈ്വസറി ബോര്‍ഡ് അംഗം, സിഡ്‌കോ മെമ്പര്‍, വഖഫ് ബോര്‍ഡ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അണ്ടോണ എ.എല്‍.പി.സ്‌കൂള്‍, രാരോത്ത് ജി.യു.പി. സ്‌കൂള്‍, കുന്ദമംഗലം ജി.എച്ച്.എസ്, ഫാറൂക്ക് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

മൂഴിക്കല്‍ സ്വദേശിനി ചെറിയോള്‍ എന്ന കുഞ്ഞി ഉമ്മാച്ചയാണ് മാതാവ്. ഭാര്യ ഖദീജ കൊണ്ടോട്ടി. മക്കള്‍: അന്‍സാര്‍ അഹമ്മദ്(വസ്ത്ര കലക്ഷന്‍സ്, താമരശ്ശേരി), മുബീന, ഹസീന, മരുമക്കള്‍: ആയിശ(മേപ്പയ്യൂര്‍), മുസ്തഫ(അരീക്കോട്), അലി(നരിക്കുനി), സഹോദരങ്ങള്‍: ഒ. അബ്ദുല്‍ ഹമീദ്(റിട്ട. ഡയറക്ടര്‍, ഇ.എസ്.ഐ), പി.സി. ഉമ്മര്‍കുട്ടി(ഗ്ലാസ് ഹൗസ്, താമരശ്ശേരി), പി.സി. റഷീദ്(എഞ്ചിനീയര്‍, കോഴിക്കോട്), ഓടങ്ങള്‍ നാസര്‍(വേവ്‌സ്), ആയിശ, റാബിയ, നസീമ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!