കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനും ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റം സ്ഥാപിക്കാന്‍ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി
വികസന ഫണ്ടില്‍ നിന്ന് 63.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ
കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചു വരുന്ന മോഡല്‍ പോലീസ് സ്റ്റേഷനിലാണ്
സര്‍വ്വയലന്‍സ് സിസ്റ്റത്തിന്‍റെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും
ട്രാഫിക് തടസങ്ങള്‍ പരിഹരിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം
ഇടപെടാന്‍ പുതിയ സംവിധാനം സഹായകമാവും.
രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത ഘട്ടത്തിലും മികവാർന്ന ദൃശ്യങ്ങള്‍ കൃത്യതയോടെ പകര്‍ത്താന്‍
ശേഷിയുള്ള അത്യാധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ലഭ്യമാക്കുന്നത്. വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും
സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരം
സാദ്ധ്യമാക്കുന്നതിനും ഈ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.