പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി 90 സ്കൂൾകെട്ടിടങ്ങൾ കൂടി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി സർക്കാർ നാടിന് സമർപ്പിച്ചു . 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള നാലും മൂന്ന് കോടി ധനസഹായത്തോടെ 20 ഉം നബാർഡ് ധനസഹായത്തോടെയുള്ള നാലും പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച 62 ഉം സ്കൂൾ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം നിർവഹിച്ചത് .
കോവിഡ് പ്രതിസന്ധി താല്ക്കാലികമാണ്, ഈ പ്രതിസന്ധിയെ അതിജീവിച്ച് നാം സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങള്‍ കൂടുതല്‍ അനുഭവഭേദ്യമാവുകയെന്നും വരും തലമുറെയെക്കൂടെ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം എല്ലാ മേഖലയെയും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് വിവിധ സ്കൂളുകളുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്.നിയോജകമണ്ഡലത്തിൽ ഒന്നുവീതം സംസ്ഥാനത്ത് 141 വിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി അഞ്ച് കോടി രൂപയും 1000 ത്തിൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് മൂന്ന് കോടി രൂപയും 500 ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്ലാൻ സ്കീം, നബാർഡ് ധനസഹായം, പ്രാദേശിക സർക്കാരുകളുടെ ഫണ്ടുകൾ, എം.എൽ.എ, എം.പി. ഫണ്ടുകൾ, പ്രാദേശികമായി സമാഹരിക്കുന്ന ഫണ്ടുകൾ മുതലായവ വിനിയോഗിച്ചാണ് വിദ്യാഭ്യാസ രംഗത്ത് ഭൗതിക സൗകര്യ വികസനം നടക്കുന്നത്.