കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് 4 മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ഇതില്‍ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ഒന്നര ലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കി. രണ്ടു ഘട്ടങ്ങളിലും നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നുമുണ്ടായത്. കോവിഡ് 19 ലോകത്തെയാകെ പിടിച്ചുലച്ചു കഴിഞ്ഞിരിക്കുകയാണ്. ഒട്ടേറെ കുടുംബങ്ങള്‍ക്ക് വരുമാനമില്ലാതായി.
നമ്മുടെ നാട് വിവിധ മേഖലകളില്‍ സ്വയംപര്യാപ്തത നേടാന്‍ ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ ആ വിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി ഇതിനുദാഹരണമാണ്. തരിശുനിലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഒരു കോടി വൃക്ഷത്തൈകളാണ് ജൂണില്‍ പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്തത്. അതിന്റെ പരിപാലനവും നല്ല നിലയില്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം 1,000 മഴമറകളാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനസഹകരണത്തോടെ 1,337 മഴ മറകള്‍ നിര്‍മിച്ചു കഴിഞ്ഞു. പച്ചക്കറി ഉല്‍പാദനം, നെല്‍കൃഷി വര്‍ധന, കപ്പ കൃഷി, മത്സ്യ കൃഷി തുടങ്ങിയവക്കൊപ്പം മറ്റ് ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം നല്ല നിലയില്‍ പുരോഗിക്കുന്നതില്‍ നമുക്കഭിമാനിക്കാം. രാജ്യത്ത് ആദ്യമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കുന്ന രീതിയിലേക്ക് കേരളം മാറി. കര്‍ഷകരുടെ മനസിനൊപ്പമാണ് സര്‍ക്കാര്‍. പുതിയ ചെറുപ്പക്കാര്‍ കാര്‍ഷിക രംഗത്തേക്ക് കടന്നു വരുന്നത് നല്ല മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ആത്മവിശ്വാസത്തോടെ കോവിഡ് വ്യാപന കാലത്തും ജനങ്ങള്‍ ഒരുമയും ഐക്യവും കാത്തു സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സൗജന്യ ഭക്ഷ്യ കിറ്റ് ജില്ലാതല വിതരണോദ്ഘാടനം പുതിയങ്ങാടി കോര്‍പറേഷന്‍ ബില്‍ഡിങ് റേഷന്‍ കട നമ്പര്‍ 83 ല്‍ പടിഞ്ഞാറെ വട്ടക്കണ്ടി ശ്രീസതിക്ക് നല്‍കി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. വെളിച്ചെണ്ണ, കടല, പഞ്ചസാര, ചെറുപയര്‍, ആട്ട, പരിപ്പ്, പൊടിയുപ്പ്, മുളക് പൊടി എന്നീ എട്ടിനങ്ങളാണ് കിറ്റിലുള്ളത്. കൗണ്‍സിലര്‍ എം.ശ്രീജ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.കെ.റഫീഖ്, സപ്ലൈകോ റീജണല്‍ മാനേജര്‍ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം.വി.ശിവകാമി അമ്മാള്‍, നോര്‍ത്ത് സോണ്‍ റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വി.വി.സുനില തുടങ്ങിയവര്‍ പങ്കെടുത്തു.