ട്രക്ക് ബോഡി കോഡ് നടപ്പാക്കുന്നതിന് സർക്കാർ നിർദ്ദേശം പുറത്തിറക്കി
ട്രക്ക് ബോഡി കോഡ് നടപ്പിലാക്കുന്നതു സംബന്ധിച്ചുളള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ട്രക്ക് ബോഡി നിർമ്മിക്കുന്ന വർക്ക്ഷോപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുളള ലൈസൻസ് ഉണ്ടാവണം. ബോഡി നിർമിച്ച സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് വാഹന ഉടമ ഹാജരാകണം. ഇതിനു പുറമെ വർക്ക്ഷോപ്പിൽ നിന്നുളള ഡ്രോയിംഗ്, ഫാബ്രിക്കേഷന്റെ സ്പെസിഫിക്കേഷനും വിലയും ഉൾക്കൊള്ളിച്ചുളള ഇൻവോയിസ് എന്നിവയും ഹാജരാക്കണം. 2020 നവംബർ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാനെത്തുന്ന ചരക്കു വാഹനങ്ങളുടെ (ആർ.എൽ.ഡബ്ല്യു 3500 കിലോഗ്രാമിന് മുകളിലുളളവ) അപേക്ഷയോടൊപ്പം അക്രഡിറ്റഡ് ബോഡി ബിൾഡിംഗ് ഏജൻസിയിൽ നിന്നുളള ടെസ്റ്റ് സർട്ടിഫിക്കറ്റുണ്ടാവണം. അങ്ങനെ ഒരു ഏജൻസി നിലവിൽ ഇല്ലെങ്കിൽ അത്തരം ഏജൻസി നിലവവിൽ വന്ന് ഒരു വർഷത്തിനുളളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാം എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം.
ട്രക്ക് ബോഡി കോഡ് പ്രകാരം ചരക്കുവാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സംശയനിവാരണത്തിന് പൊതുജനങ്ങൾക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് നിയന്ത്രിക്കുന്ന എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ.അജിത്കുമാർ അറിയിച്ചു.
പി.എൻ.എക്സ്. 3121/2020
ചെമ്പൈ പുരസ്കാരത്തിന് അപേക്ഷിക്കാം
കർണാടക സംഗീതം വായ്പ്പാട്ടിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം 2020 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യാനഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009 (ഫോൺ: 0471 2472705, 9447754498) എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കും. ട്രസ്റ്റ് ട്രഷററുടെ വാട്സ്ആപ്പ് നമ്പറിലേക്ക് (9447060618) സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ അപേക്ഷാഫോം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.
പി.എൻ.എക്സ്. 3122/2020