ന്യൂഡൽഹി :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്സ് ഫണ്ടിലേക്കു ലഭിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഫണ്ടുകളാണെന്നും അത് മാറ്റേണ്ടതില്ലയെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാവുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടാൻ പണം കണ്ടെത്തുന്നതിന് കഴിഞ്ഞ മാർച്ച് 28നാണ് കേന്ദ്ര സർക്കാർ പിഎം കെയേഴ്സ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫിഷ്യോ ചെയർമാൻ.