ബി.ജെ.പിയില്‍ ചേരുകയെന്ന ലക്ഷ്യത്തോടെയല്ല പാര്‍ട്ടി വിട്ടതെന്നും താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും സച്ചിന് പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി തന്നെയായിരിക്കും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, ബി.ജെ.പിയുമായി ഒരിക്കലും സഹകരിക്കില്ലെന്നും പൈലറ്റ് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും സച്ചില്‍ പൈലറ്റ് പറഞ്ഞു.
2018 ല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. അതിന് എനിക്ക് സാധുവായ കാരണങ്ങളുണ്ട്. 200 സീറ്റില്‍ 21 സീറ്റുമാത്രമുള്ള ഘട്ടത്തിലാണ് ഞാന്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഞാന്‍ ജനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. അന്നൊന്നും ഗെഹ്ലോട്ട് ജിയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. രാജസ്ഥാന് മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തര്‍ക്കമൊന്നുമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ഉപമുഖ്യമന്ത്രിയാകാന്‍ ഞാന്‍ ആദ്യം സമ്മതിച്ചത്. അധികാരവും ജോലിയും തുല്യമായി ക്രമീകരിക്കണമെന്ന് അന്ന് രാഹുല്‍ജി ഗെലോട്ടിനോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്. ജനങ്ങളില്‍ നിന്ന് എന്നെ അകറ്റാനുള്ള അജണ്ടയുണ്ടാക്കുകയായിരുന്നു അവര്‍. രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെയും എന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല.
ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ അന്തരീക്ഷം മാത്രമായിരുന്നു. വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ് എനിക്ക് അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തര്‍ക്കവുമല്ല ഇത്. എന്നാല്‍ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം എന്നും സച്ചിന് പൈലറ്റ് പറഞ്ഞു.

