കോഴിക്കോട് : ചെറുപ്പം മുതലേ സിനിമാറ്റിക് ഡാൻസിനോടുള്ള ആഗ്രഹത്തിൽ നിന്നും ഡാൻസ് മാസ്റ്റർ ആയി മാറിയ പിലാശ്ശേരിയുടെ അഭിമാനം രജിത്തിന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് ഇന്ന് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം.
മൈക്കിൾ ജാക്സന്റെ ഡാൻസുകൾ കണ്ടു വളർന്ന ഈ യുവാവ് ചെറുപ്പത്തിൽ തന്നെ നൃത്ത ചുവടുകളിൽ അഗ്ര ഗണ്യനാണ്. ആദ്യം സ്കോർപിയൻ കിങ്സ് എന്ന പേരിൽ ഒരു ഡാൻസ് സംഘത്തെ വാർത്തെടുത്തു ചില ജീവിത സാഹചര്യം കൊണ്ടത് നിർത്തേണ്ടി വന്നു പക്ഷെ ഡാൻസിനോടുള്ള അടങ്ങാത്ത ഭ്രമം വീണ്ടും മുന്നോട്ട് നയിച്ചു. നിലവിൽ കഴിഞ്ഞ 11 വർഷമായി സുഹൃത്ത് ഷൈജുവിനൊപ്പം താണ്ഡവം ഡാൻസ് കമ്പനി കാലിക്കറ്റ് എന്ന സ്വന്തമായ നൃത്ത സംഘം നടത്തി പോരുകയാണ് ഇദ്ദേഹം.
ഹിപ് ഹോപ് ഡാൻസ് ,ഫ്രീ സ്റ്റൈൽ ഡാൻസ് , അക്രോബാറ്റിക്, കന്റംപ്രററി ,ഫയർ ഡാൻസ്,ഷാഡോ ഡാൻസ് ,ഹൌസ് ഡാൻസ്, ഫിസിക്കൽ ഫിറ്റ്നസ്, യു വി ആക്ട് എന്നിങ്ങനെ നൃത്തത്തിന്റെ വിവിധ മേഖലകൾ താണ്ഡവം ഡാൻസ് ഗ്രൂപ്പ് പഠിപ്പിച്ചു നൽകുന്നുണ്ട്
അമൃത ടി വി യുടെ വനിതാ രത്നം എന്ന പരിപാടിയുടെ കൊറിയോ ഗ്രാഫറായും, ഇതേ ചാനലിന്റെ സൂപ്പർ ഡാൻസർ പരിപാടിയിൽ ബാക് ഗ്രൗണ്ട് ഡാൻസറായും പ്രവർത്തിച്ചു. ഫ്ളവേഴ്സ് ടി വി യുടെ കോമഡി ഉത്സവമെന്ന പരിപാടിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഷാഡോ ഡാൻസ് താണ്ഡവം സംഘത്തിന് വലിയ രീതിയിലുള്ള ശ്രദ്ധ നേടി കൊടുത്തു. കേരളത്തിനകത്ത് നിരവധി വേദികളിൽ ഇതിനോടകം സംഘം ശ്രദ്ധ നേടി കഴിഞ്ഞു.
ഫ്ലവേഴ്സിലെ മനോഹര നൃത്തം ക്രിയാത്മകതയുടേയും വേഗമേറിയ മനോഹര ചുവടുവെപ്പുകളുടെയും നേർ കാഴ്ച ആയിരുന്നു. നാട്ടിൻ പുറങ്ങളിലെ ആഘോഷങ്ങളിൽ ചുവടു വെച്ച് തുടങ്ങിയ രജിത്ത് താൻ പഠിച്ച കരുവൻ പൊയിലിലെ യു പി ക്ലാസ്സു മുതൽ ഈ രംഗത്തുണ്ട്. ഡാൻസിന്റെ കൂടുതൽ ബാലപാഠം പഠിക്കാനായി ചെറുപ്പത്തിൽ തന്നെ ഗുരുക്കൾ മൻസൂർ മായനാടിനു കീഴിൽ വിദ്യ അഭ്യസിച്ചു വന്നു. കോടഞ്ചേരി കോളേജിൽ പഠിച്ചിരുന്ന ഡി ഗ്രീ കാലയളവിൽ തന്നെ ഡാൻസിലൂടെ വരുമാനം കണ്ടെത്തുകയും കലാലയത്തിലെ ഫെസ്റ്റുകകളിൽ അരങ്ങു വാഴുകയും ചെയ്തു.
നിലവിൽ ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്തു വരുന്ന ഈ യുവാവ് നൃത്തം ഒരു വരുമാന മാർഗമായിയല്ല കാണുന്നത്. മറിച്ച് അതൊരു ആഗ്രഹവും സ്വപ്നവുമാണ്. കൂടുതലായി അറിയാനും പഠിക്കാനുമുള്ള ചിന്ത ഇന്നും നില നിർത്തുന്നു. ഒപ്പം തനിക്കു ലഭിച്ച കഴിവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാനും ആഗ്രഹിക്കുന്നു. ഇതുവരെ തനിക്കുണ്ടായ സൗഹൃദങ്ങൾ ഭൂരിഭാഗവും ഡാൻസ് സമ്മാനിച്ചതാണ്. അത് ജീവിതത്തിലെ നേട്ടമായി രജിത്ത് കാണുന്നു .
വീട്ടിൽ നിന്നും പൂർണ പിന്തുണ രജിത്തിനെ ഡാൻസ് മുന്നോട്ട് കൊണ്ട് പോകാൻ ഏറെ പ്രാപ്തനാക്കി. മകന്റെ കഴിവിൽ സന്തോഷവതിയായി ‘അമ്മ രാധ മകനു വേണ്ടി ഡാൻസർ എന്നു കൊത്തി വെച്ച ഒരു സ്വർണ മോതിരം തന്നെ നൽകിയിട്ടുണ്ട്. ഇന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരങ്ങളിൽ മതിപ്പോടെ കാണുന്നതും ഇത് തന്നെയാണ്. അച്ഛൻ ജയരാജനും ജേഷ്ഠൻ രജീഷും സഹോദരി രജിലയ്ക്കും രജിത്തിനെ ഓർത്ത് അഭിമാനമാണ്
കോവിഡ് കാലം എല്ലാ മേഖലകളെയും ബാധിച്ച പോലെ ഡാൻസ് മേഖലയെയും ബാധിച്ചതായി രജിത്ത് പറയുന്നു. നൃത്ത ക്ലാസുകൾ എല്ലാം നിലച്ച സാഹചര്യത്തിൽ നിലവിൽ വാട്സ് ആപ്പ് വഴി കുട്ടികൾക്ക് വേണ്ട വ്യായാമങ്ങൾ നല്കാൻ രക്ഷിതാക്കൾക്ക് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള താണ്ഡവം ഡാൻസ് കമ്പനി നിർദ്ദേശം നൽകുന്നുണ്ട്. ഒപ്പം അടുത്ത മാസം മുതൽ സൂം ആപ്പ് വഴി വിദ്യാർത്ഥികൾക്ക് ലൈവ് ആയി നൃത്തം പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നിലവിൽ നിരവധി ആളുകൾക്ക് നൃത്ത അധ്യാപകനായി മാറിയ ഇദ്ദേഹത്തിന് കീഴിലുള്ള നിരവധി വിദ്യാർത്ഥികൾ ഇതിനോടകം സ്റ്റേജിൽ തങ്ങളടേതായ കഴിവുകൾ തെളിയിച്ചു വന്നവരാണ്. നൃത്തം ആരോഗ്യത്തിനും മനസ്സിനും സുഖം നൽകുന്ന വ്യായാമവും യുവത്വം നില നിർത്താനുള്ള ഉപാധി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നൃത്തത്തെ ജീവ വായുവായി കാണുന്ന ഒരുപാട് കലാകാരന്മാരിൽ ഒരാളാണ് രജിത്ത്. മുന്നോട്ടുള്ള യാത്രയിൽ ഇദ്ദേഹത്തിനും താണ്ഡവം ഡാൻസ് കാലിക്കറ്റിനും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ ആശംസകൾ