തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽനിന്ന് വി.വി. രാജേഷിന്റെ പേര് ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസ് എന്ന് അധികൃതർ. കേരളത്തിൽനിന്നും സ്വീകരിക്കാൻ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഇതിൽ മേയറുടെ പേരും ഉൾപ്പെട്ടിരുന്നു. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോൾ വിമാനത്താവളത്തിൽ മേയർ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്.
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സൈനിക, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന അന്തിമ പട്ടികയിലുള്ളത്. എൻഡിഎ– ബിജെപി നേതാക്കളും പട്ടികയിലുണ്ട്. അതേസമയം തിരുവനന്തപുരം എംപിയേയും പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയിട്ടുണ്ട്. മേയറും എംപിയും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുള്ളതിനാലാവും പ്രധാനമന്ത്രിയുടെ ഓഫിസ് ഇവരെ സ്വീകരണപരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.
സുരക്ഷാ കാരണങ്ങളാൽ സ്വീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് നേരത്തേ മേയർ വി.വി.രാജേഷ് അറിയിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന 2 പരിപാടികളിലും വേദിയിലുള്ളതിനാൽ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയെന്നും മേയറുടെ ഓഫിസ് വിശദീകരിച്ചു. തിരുവനന്തപുരം കോർപറേഷൻ ആദ്യമായി ബിജെപി പിടിച്ചപ്പോൾ ഇനി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോൾ ബിജെപി മേയർ സ്വീകരിക്കുമെന്ന് പ്രവർത്തകർ വലിയ പ്രചാരം നൽകിയിരുന്നു.

