വീണ്ടും ഒരു മഴക്കാലം എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ കൊറോണ എന്ന വൈറസിനെ നേരിടുമ്പോള്‍ നമ്മുടെ നാടും ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. മഴക്കാലം എത്തുന്നതോടെ കൂടുതല്‍ ശ്രദ്ധ നമുക്ക് ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയം നമുക്ക് മുന്നിലുണ്ട്. അത് മുന്നില്‍ കണ്ടും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശ്രദ്ധിച്ചുമാണ് നാം ഈ മഴക്കാലത്തെ നേരിടേണ്ടത്.
ബാക്ടീരിയേയും രോഗാണുക്കളേയും അകറ്റി നിര്‍ത്തുക എന്നതാണ് അസുഖം വരാതിരിക്കാന്‍ ആദ്യം വേണ്ടത്. ഒരു പരിധി വരെ മഴ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ
പാനീയങ്ങള്‍
ശുദ്ധീകരിച്ചവെള്ളവും തിളപ്പിച്ച വെള്ളവും മാത്രം കുടിക്കുക. ചുക്ക് കാപ്പി, നാരങ്ങ ചായ തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക. ചായ കുടിക്കുന്നവരല്ലെങ്കില്‍ ധാരാളം പച്ചക്കറി സൂപ്പ് കുടിക്കുക.
വൃത്തിയാക്കി കഴിക്കുക
ഇലകളും പഴങ്ങളും കഴിക്കുമ്പോള്‍ നന്നായി വൃത്തിയാക്കി കഴിക്കുക. പല ജീവികളുടെയും മുട്ടയും വിരകളും ഇതില്‍ ഉണ്ടാവാം. പച്ചക്കറികളും മറ്റും ഉപ്പ് വെള്ളത്തില്‍ 10 മിനുട്ട് മുക്കി വയ്ക്കുന്നത് ഇവയെ നീക്കം ചെയ്യാന്‍ സഹായിക്കും
വേവിച്ച് കഴിക്കുക
ആഹാരം നന്നായി വേവിച്ച് കഴിക്കുക.മഴക്കാലത്ത് പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് അസുഖങ്ങളെ ക്ഷണിച്ചു വരുത്തും.
ദഹനം
മഴക്കാലത്ത് ദഹനം പതുക്കെ ആയിരിക്കും . അതുകൊണ്ട് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മഞ്ഞള്‍, മല്ലി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
റോഡരികില്‍ നിന്നും ഭക്ഷണം ഒഴിവാക്കുക റോഡരികില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അസുഖകാരണമായ നിരവധി രോഗാണുക്കള്‍ ഇതില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
മഴക്കാല രോഗങ്ങള്‍ പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍
- വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ നിന്നും പെട്ടെന്ന് മഴയുടെ തണുപ്പിലേക്ക് മാറുമ്‌ബോള്‍ രോഗാണുക്കള്‍ പെരുകുവാനുള്ള സാഹചര്യം സംജാതമാകുന്നു.
- ശുചിത്വവും, രോഗ പ്രതിരോധശേഷിയും കുറയുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നു. 3. കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുന്നത് – മഴക്കാലമാകുന്നതോടു കൂടി കരകവിഞ്ഞൊഴുകുന്ന മലിനജലവും, വിസര്‍ജ്യാവശിഷ്ടങ്ങളും കുടിവെള്ള സ്രോതസുകളെ രോഗഹേതുവാക്കുന്നു. മലിനജലം കുടിക്കുന്നതും കൈകാര്യം ചെയ്യുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും, ഭക്ഷ്യവസ്തുക്കള്‍ കഴുകുന്നതും രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുന്നു.
മഴക്കാല രോഗങ്ങള്‍
മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന അസുഖങ്ങള്‍ എലിപ്പനി (Leptospirosis), ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ, കുരങ്ങുപനി, ജപ്പാന്‍ ജ്വരം, ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം, ഒ1ച1പനി.
1)എലിപ്പനി (Leptospirosis)
Leptospirosis വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖമാണ് എലിപ്പനി. രോഗാണുവാഹകരായ ജീവികളുടെ മൂത്രം വഴിയാണ് മുഖ്യമായും അസുഖം പടരുന്നത്. കൃഷിയും മൃഗങ്ങളുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുന്ന ജോലികള്‍ ചെയ്യുന്നവരിലും ഇതു കാണപ്പെടാന്‍ സാധ്യത കൂടുതലാണ്. പനി, ക്ഷീണം ശരീരവേദന, തലവേദന, മൂത്രത്തിന് മഞ്ഞ നിറം, വിശപ്പില്ലായ്മ, കണ്ണിലുണ്ടാകുന്ന ചുവപ്പ് നിറം എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍, വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ രോഗം ഗുരുതരമായി ആന്തരികാവയവങ്ങളിലെ രക്തസ്രാവം മൂലം മരണം വരെ സംഭവിക്കാം. വിശദമായ രക്തപരിശോധന, മൂത്രപരിശോധന എന്നിവയില്‍ കൂടി രോഗനിര്‍ണ്ണയം സാധ്യമാണ്.
2) ഡെങ്കിപ്പനി
ഗ്രൂപ്പ് ബി ആര്‍ബോവൈറസ് (Arbovirus) ഉണ്ടാക്കുന്ന, Aedes പെണ്‍കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ പനി. ശക്തമായ പനി, ശക്തമായ ശരീര വേദനയും, പേശി വേദനയും, തലവേദന, ക്ഷീണം, സന്ധികളിലും എല്ലുകളിലും വേദന, ചുവന്നുതടിച്ച പാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ലളിതമായ രക്തപരിശോധനകളില്‍ കൂടി രോഗനിര്‍ണ്ണയം നടത്താം. രക്തത്തിലെ Platelets ക്രമാതീതമായി കുറയുന്നതു കാണപ്പെടുന്നു. ഗുരുതരമാകുമ്‌ബോള്‍ ആന്തരിക രക്തസ്രാവം, ബോധക്ഷയം, മരണം വരെ സംഭവിക്കാം.
3) H1N1/Swineflu/പന്നിപ്പനി
ഇന്‍ഫ്‌ളൂവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെട്ട H1N1 വൈറസുകളാണ് രോഗ കാരണം. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നേരിട്ട് പകരുന്നു. രോഗി ചുമക്കുമ്‌ബോഴും, തുമ്മുമ്‌ബോഴും, വായുവിലൂടെയും, നേരിട്ടുള്ള സമ്ബര്‍ക്കം വഴിയോ ഉമിനീരില്‍ കൂടിയോ പിടിപെടുന്നു. പനി, ചുമ, തൊണ്ടവേദന, കുളിര്, ജലദോഷം, ശരീരവേദന, ക്ഷീണം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് തുടങ്ങിയ ഗുരുതരാവസ്ഥകള്‍ ഉണ്ടാക്കാനിടയുണ്ട്. മൂക്കിലേയും, തൊണ്ടയിലേയും സ്രവങ്ങള്‍ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം സാധിക്കുന്നു.
4) ചിക്കുന്‍ ഗുനിയ
Group B Arbovirus ഉണ്ടാക്കുന്ന, Aedes Aegypti കൊതുകു പരത്തുന്ന ഒരു വൈറല്‍ പനി. ശക്തമായ പനിയോടുകൂടി തലവേദന, ശരീരവേദന, സന്ധിവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാവുന്ന ഒരു അസുഖവും കൂടിയാണ് ഇത്.
5) കുരങ്ങുപനി/Kyasanur Forest Disease
Group B Arbovirus ഉണ്ടാക്കുന്ന ഒരുതരം പനിയായ കെഎഫ്ഡി അടുത്തകാലത്താണ് മലയാളികള്‍ കൂടുതലായി കേട്ടുതുടങ്ങിയത്. പെട്ടെന്നുണ്ടാകുന്ന കുളിരോടു കൂടിയ പനി, ശരീര വേദന, തലവേദന, നിര്‍ജലീകരണം, മാനസിക നിലയിലുണ്ടാകുന്ന വ്യത്യാസം, ഉന്‍മാദാവസ്ഥ എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍. അസുഖം പടര്‍ത്തുന്നത് കുരങ്ങുകളിലും മറ്റും കാണുന്ന ഒരു തരം ചെള്ളുകളാണ്. അതിനാല്‍ കാടുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. 5 ശതമാനം പേരില്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും ഇത് മരണകാരണം വരെയാകാറുണ്ട്.
6) ജപ്പാന്‍ ജ്വരം
Group B Arbovirus ഉണ്ടാക്കുന്ന ഒരുതരം പനി. ക്യൂലക്‌സ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ ആണ് അസുഖം പരത്തുന്നത്. പന്നികളിലും, കന്നുകാലികളിലും, പക്ഷികളിലും മറ്റും കാണപ്പെടുന്ന വൈറസ് മനുഷ്യരില്‍ എത്തിക്കുകയും രോഗം പരത്തുകയും ചെയ്യുന്നത് ക്യൂലക്‌സ് കൊതുകുകളാണ്. പനി, കുളിര്, തലവേദനയോടു കൂടി തുടങ്ങുന്ന പനി തലച്ചോറിനെ ബാധിക്കുമ്‌ബോള്‍ അപസ്മാരം, മാനസിക നിലയിലുണ്ടാകുന്ന വ്യത്യാസം, കോമ എന്നിവയുണ്ടാകുന്നു. ശരീരത്തിന്റെ ഒരു ഭാഗമോ, കൈകാലുകളോ തളരുകയോ/ചലനം നഷ്ടപെടുകയോ എന്നിവയും ഉണ്ടാകുന്നു.
7) ടൈഫോയിഡ്
Salmonella Typhi എന്ന ബാക്ടീരിയ ആണ് ഇത് ഉണ്ടാക്കുന്നത്. മലിനമാക്കപ്പെട്ട വെള്ളം, ആഹാരം, പാല്‍, ഐസ്‌ക്രീം മുതലായവ വഴി രോഗം പടരുന്നു. തുടര്‍ച്ചയായ പനി, തലവേദന, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, വയറുവേദന, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാകാം. തുടര്‍ച്ചയായ പനി (ഒരു ദിവസത്തെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ Temparature 1.50F/10C ല്‍ കുറവ്) വയറിലും, നെഞ്ചിലും ചുവന്ന പാടുകള്‍ ഉണ്ടാകും. ഗുരുതരമാകാത്ത ടൈഫോയിഡ് മൂന്നാം ആഴ്ചയോടു കൂടി പൂര്‍വ്വ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങി വരും.
രക്തപരിശോധന (TC, DC, WIDAL Test) എന്നിവ, മൂത്രം/മലം പരിശോധനയില്‍ കൂടി രോഗനിര്‍ണ്ണയം സാധ്യമാണ്.
8) കോളറ
Vibrio Cholera എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു അസുഖം. വയറിളക്കം, ഛര്‍ദ്ദി, രോഗികളുടേയും രോഗാണുവാഹകരുടേയും മലത്തില്‍ കൂടി മറ്റുള്ളവരിലേക്ക് എത്തുന്നു. കഴിക്കുന്ന ഭക്ഷണം, വെള്ളം ഇവയിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്നു. വേദനയില്ലാത്ത വയറിളക്കം, കഞ്ഞിവെള്ളം പോലെ വയറിളകുക, ചര്‍ദ്ദി മുതലായവ ലക്ഷണങ്ങളാണ്. നിര്‍ജ്ജലീകരണം, ഷോക്ക് എന്നിവ സംഭവിക്കാം. വായ വരളുക, മൂത്രം പോകുന്നത് കുറയുക എന്നിവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. മലം പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം സാധിക്കുന്നു. നിര്‍ജ്ജലീകരണം തടയാന്‍ ഒആര്‍എസ് ചികിത്സ സഹായിക്കുന്നു.
9) മഞ്ഞപ്പിത്തം (Hepatitis A&E)
ആര്‍എന്‍എ വിഭാഗത്തില്‍പ്പെട്ട വൈറസ് ആണ് അസുഖം ഉണ്ടാക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് അസുഖം പടരുന്നത്. കക്കൂസ് മാലിന്യവുമായി കലര്‍ന്ന ജലമോ, ഭക്ഷ്യവസ്തുക്കളോ ഉള്ളിലെത്തുന്നതു വഴി രോഗം പടര്‍ന്നു പിടിക്കുന്നു. കണ്ണിലെ വെള്ള മഞ്ഞനിറമാവുക, മൂത്രത്തിന് മഞ്ഞയോ ചുവപ്പോ നിറമാവുക, ചര്‍മ്മം മഞ്ഞ നിറമാവുക, ഛര്‍ദ്ദി, ഓക്കാനം, വിശപ്പില്ലായ്മ, പനി, തലവേദന, എന്നിവയാണ് മുഖ്യലക്ഷണങ്ങള്‍.