ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്മി പാർട്ടി (എഎപി) 3 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ലോക്ക് ഒരു സീറ്റിലും വിജയിച്ചു. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ തോൽപിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിർത്താനായി.
എഎപിക്ക് വലിയ നേട്ടമുണ്ടായില്ല.
ഫലം പൂർണമായി ബിജെപിക്ക് അനുകൂലമല്ല. 2 സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കും വിജയിച്ചു. 3 സിറ്റിങ് സീറ്റുകൾ എഎപി നിലനിർത്തി. സീറ്റുകൾ നഷ്ടമായത് കോർപറേഷൻ ഭരണത്തെ ബാധിക്കില്ല. 250 സീറ്റിൽ 122 സീറ്റുകളിലും അധികാരത്തിലുള്ളത് ബിജെപിയാണ്. എഎപി 102. കോൺഗ്രസ് 9. രേഖാഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് അവർക്കു നിർണായകമായിരുന്നു. വലിയ പരുക്കില്ലാതെ അതിനെ മറികടക്കാനായി.
ഗ്രേറ്റർ കൈലാഷ്, ഷാലിമാർ ബാഗ് (ബി), അശോക് വിഹാർ, ചാന്ദ്നി ചൗക്ക്, ചാന്ദ്നി മഹൽ, ദിചാവോൺ കലാൻ, നരൈന, സംഗം വിഹാർ (എ), ദക്ഷിണ് പുരി, മുണ്ട്ക, വിനോദ് നഗർ, ദ്വാരക (ബി) എന്നീ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 12 വാർഡുകളിൽ ചാന്ദ്നി മഹലിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത് (41.95%). ഗ്രേറ്റർ കൈലാഷിൽ ഏറ്റവും കുറവും (20.87%). 12 വാർഡുകളിലെയും ജനപ്രതിനിധികൾ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

