കൊച്ചി: ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് നിർത്തലാക്കി ഹൈക്കോടതി. സന്നിധാനത്തു നിന്നു മൃതദേഹങ്ങൾ പമ്പയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഹൃദയാഘാതം പോലുള്ള കാരണങ്ങളാൽ സന്നിധാനത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് ഇപ്പോൾ പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. മൃതദേഹങ്ങൾ ചുമന്നുകൊണ്ടു വരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതായും കോടതി പറഞ്ഞു.
ഇത്തവണത്തെ മണ്ഡല മകരവിളകക്ക് തീർഥാടനത്തിന്റെ ആദ്യ 8 ദിവസത്തിനുള്ളിൽ തന്നെ 8 തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതവുമായി ബന്ധപ്പെട്ട 150ഓളം സംഭവങ്ങളാണ് ഓരോ മണ്ഡലകാലത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ 40–42 പേരെങ്കിലും ഓരോ മണ്ഡലകാലത്തും സന്നിധാനത്തെ ആശുപത്രിയിൽ വച്ച് മരിക്കാറുമുണ്ട്.
ശബരിമല കയറ്റത്തിനിടെ പെട്ടെന്നുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പലർക്കും അനുഭവപ്പെടാറുണ്ട്. ചിലർക്ക് അത് അപ്പോൾ തന്നെയോ അല്ലെങ്കിൽ കുറച്ചു സമയത്തിനു ശേഷമോ ഹൃദയാഘാതമായും മാറാം. ഈ സാഹചര്യത്തിൽ സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് വഴിമധ്യേ ആവശ്യത്തിന് വിശ്രമവും മറ്റും ലഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതുകൊണ്ട് ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കാൻ കോടതി ദേവസ്വം ബോർഡിനു നിർദേശം നൽകി. തീർഥാടകർക്ക് ആവശ്യമായ സുരക്ഷ, ആരോഗ്യം, ചിട്ട എന്നിവ സംബന്ധിച്ച് ബോർഡ് ഒരു പ്രോട്ടോക്കോൾ തയാറാക്കണം. ഇതിൽ ആരോഗ്യ സംബന്ധിയായ കാര്യങ്ങൾ, ആൾക്കൂട്ട നിയന്ത്രണം, വെർച്വൽ ക്യൂ സംബന്ധിച്ച കൃത്യമായ കാര്യങ്ങൾ എന്നിവ ഉണ്ടാകണം.
അതോടൊപ്പം, പ്ലാസ്റ്റിക്, രാസകുങ്കുമം അടക്കം പരിസ്ഥിതിക്ക് ദോഷകരമാകുന്ന കാര്യങ്ങൾ കൊണ്ടുവരരുത് തുടങ്ങിയ കാര്യങ്ങൾ ഉണ്ടാവണമെന്ന് കോടതി വ്യക്തമാക്കി. പമ്പയിൽ കുളിക്കുന്ന ഭക്തർ വസ്ത്രങ്ങളും മറ്റും പുഴയിലൊഴുക്കുന്നതിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കണമെന്നും കോടതി പറഞ്ഞു. ഇത് ശബരിമലയിലെ ആചാരത്തിൽപെട്ടതല്ലെന്ന് വ്യക്തമാക്കി ഈ സന്ദേശം എല്ലായിത്തും എത്തിക്കാനുള്ള നപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.

