മുംബൈ: നടനും സംവിധായകനും നിർമ്മാതാവുമായ ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) മരണപ്പെട്ടു. മുബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെയായി യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്.
പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച ഋഷി കപൂർ അഭിനയിച്ച ആദ്യ ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മുതൽ നിരവധി പുരസ്ക്കാരം ഇദ്ദേഹത്തിന് ലഭിച്ചു .