കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ സേവനം ചെയ്യുന്ന വിവിധ ജില്ലകളിലെ ഹജ്ജ് ട്രെയിനര്‍മാരുടെ വക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാസ്‌ക്കുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പുനരുപയോഗം സാധ്യമാകുന്ന വിധത്തില്‍ തുണിയില്‍ നെയ്ത മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. കലക്ട്രേറ്റുകള്‍, മെഡിക്കല്‍ കോളേജുകള്‍, താലൂക്ക് ആശുപത്രികള്‍, പോലിസ് ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെക്ക് ഉള്ള മാസ്‌കുകള്‍ കോഴിക്കോട് ജില്ലാ ട്രെയിനര്‍ ബാപ്പു ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ 3000 മാസ്‌ക്കുകള്‍, മലപ്പുറത്ത് 8500 മാസ്‌കുകള്‍ എന്നിവ വിതരണം ചെയ്യും. ഹജ്ജ് കമ്മറ്റി സംസ്ഥാന കോര്‍ഡിനേറ്റര്‍ അശ്റഫ് അരയങ്കോട്, അസൈന്‍ പി.കെ എന്നിവര്‍ സംബന്ധിച്ചു.