ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്നത് ഇന്നുവരെയില്ലാത്ത കഷ്ടപ്പാടെന്ന് ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍. ലോക്ക് ഡൗണ്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ അന്നന്നത്തെ അധ്വാനം കൊണ്ട് ജീവിതം കഴിയുന്ന കുടുംബങ്ങള്‍ അടക്കം പല വീടുകളും പട്ടിണിയുടെ വക്കിലാണ്. ജൊലിയില്ലാതായതോടെ പലരുടെയും വരുമാനം നിലച്ചു. സാമ്പത്തിക സ്ഥിതി മൊത്തത്തില്‍ താറുമാറായി.
പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയാണ്. സര്‍ക്കാറാണെങ്കില്‍ ഒന്നും ചെയ്യുന്നുമില്ല, ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് നിരുത്സാഹപ്പെടുത്തുകയുമാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പലവ്യജ്ഞനക്കിറ്റ് എവിടെയും ലഭ്യമായതായ് അറിവില്ല, സഹായം ലഭിക്കേണ്ടത് അതാവശ്യപ്പെടുന്ന സമയത്താണെന്നും ലോക് ഡൗണ്‍ കഴിഞ്ഞിട്ടാണോ കിറ്റ് വിതരണം ചെയ്യുന്നത് എന്നും അദ്ദഹം ചോദിച്ചു.
പ്രഖ്യാപന മഹാമഹങ്ങളല്ല വേണ്ടത് നടപടികളാണ്. എന്തെങ്കിലുമൊക്കെ ചെയ്ത് അതിനെ നൂറായി പെരുപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്ന പണി നടത്തേണ്ട സമയമല്ല ഇത്. ഇങ്ങനെ പോയാല്‍ കൊറോണ കാരണമായിരിക്കില്ല ആളുകള്‍ മരിച്ച് വീഴുന്നത് പട്ടിണി കാരണമാവും.സര്‍ക്കാറുകള്‍ ഉടനടി സത്വര നടപടികളെടുത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വലിയ ദുരന്തത്തെയാവും നമുക്ക് നേരിടേണ്ടി വരുന്നത്.
കോവിഡിന്റെ പേരില്‍ ഫണ്ട് സ്വരൂപിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും ആര്‍.ആര്‍.ടി അംഗം കൂടിയായ ആസിഫ് കലാമിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി നഗരസഭയിലെ തീരദേശ പ്രദേശമായ 37,38 വാര്‍ഡുകളിലേക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാന്‍ ഫണ്ട് സ്വരൂപിച്ചത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു. എന്നിട്ടും തട്ടിപ്പാരോപിച്ച് ആ നിസ്വാര്‍ത്ഥനായ യുവ സാമൂഹ്യ പ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, നിലവില്‍ മത്സ്യത്തൊഴിലാളി മേഖല മാത്രമല്ല, പട്ടികജാതി പട്ടികവര്‍ഗ കോളനികളും സാധാരണക്കാരുടെയും ഇടത്തരക്കാരുടെയുമെല്ലാം വീടുകളും വലിയ വറുതിയെ തന്നെയാണ് അഭിമുഖീകരിക്കുന്നത്. അതിനാല്‍ ഒന്നുകില്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യണമെന്നും അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകരെ ചെയ്യാനനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

