ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കെജ്രിവാളിന്റെ വിശദീകരണം.
‘ഈ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്വന്തം ശക്തിയില്‍ മത്സരിക്കും. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ല’ സാമൂഹ്യമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കെജ്രിവാള്‍ വ്യക്തമാക്കി.
ഈ മാസം ആദ്യവും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും, ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പന്‍ വിജയമാണ് സഖ്യചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ ആം ആദ്മിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.